പേജുകള്‍‌

2017, ജൂൺ 13, ചൊവ്വാഴ്ച

ഒരു മഴ യാത്ര




മഴയില്‍ ഒരു കാനന യാത്ര ഏറെ നാളായുള്ള ആഗ്രഹമാണ്. കൂടുതല്‍ ആസൂത്രണം ഒന്നുമില്ലാതെ ഞാനും ആത്മ സുഹൃത്തുക്കള്‍ ഷമീരും ശ്രീജിത്തും താഹയും ഓണാട്ടുകരയില്‍ നിന്നും ആതിരപ്പള്ളിക്ക് അതിരാവിലെ യാത്ര തിരിച്ചു.അതിപ്രഭാതം ആയതിനാല്‍ കാര്‍ യാത്ര അതി വേഗം ആയിരുന്നു.




അങ്കമാലി കഴിഞ്ഞു മൂക്കന്നൂര്‍ വഴി ആതിരപ്പള്ളിയിലേക്ക്. മൂക്കന്നൂര്‍ നിന്നും തുമ്പൂര്‍മുഴി ഡാം വഴിയാണ് യാത്ര. തുമ്പൂര്‍മുഴി ഇതും മുന്‍പ് പ്ലാന്റെഷന്‍ കോര്‍പ്പറേഷന്‍ ചെക്ക്പോസ്റ്റ് ഉണ്ട്.അവിടെ പേര് വിവരങ്ങള്‍ നല്‍കി വേണം യാത്ര തുടരാന്‍.ചെക്ക്പോസ്റ്റ് കഴിഞ്ഞാല്‍ പിന്നെ പ്ലാന്റെഷന്‍ കോര്‍പ്പറേഷന്‍റെ എണ്ണപ്പന തോട്ടങ്ങളില്‍ കൂടിയാണ് നാം കടന്നു പോവുക.


ദൂരെ കാഴ്ചയായി തുമ്പൂര്‍മുഴി വെള്ളച്ചാട്ടം കണ്ടു.തുമ്പൂര്‍മുഴിയില്‍ എഴാറ്റുമുഖം പൈതൃക ഗ്രാമവും തൂക്കു പാലവും ഉള്‍പ്പെടെ ഏറെ നയനാനന്ദകരമായ കാഴ്ചകള്‍ ഉണ്ടെങ്കിലും അത് ഒഴിവാക്കി അതിരപ്പള്ളി യാത്ര തുടര്‍ന്നു.



ഇടയ്ക്ക് ചാലക്കുടി പുഴയുടെ സൗന്ദര്യം ചെറു മഴയില്‍ ആസ്വദിച്ചു.




സമയം ഏകദേശം 9 .30 ആയപ്പോള്‍ സ്വാഗതം ചെയ്തുള്ള അതിരപ്പള്ളി പഞ്ചായത്ത്‌ ബോര്‍ഡ്‌ കണ്ടു,അധിക ദൂരം എത്തും മുന്‍പേ പരസ്യങ്ങളില്‍ മാത്രം കണ്ടിട്ടുള്ള സില്‍വര്‍ സ്ട്രോം വാട്ടര്‍ പാര്‍ക്ക്‌ എത്തി.അതിരപ്പള്ളി എത്തുമ്പോള്‍ സന്ദര്‍ശകരുടെ ബാഹുല്യം അനുഭവപ്പെട്ടില്ല.മഴയും അവധിക്കാലം അവസാനിച്ചതും ആകാം.ടിക്കറ്റ്‌ കൌണ്ടര്‍ അടുത്ത് തന്നെ ദൂര കാഴ്ചയായി നമുക്ക് വെള്ളചാട്ടം കാണാം



.ഒരാള്‍ക്ക് 30 രൂപയാണ് ടിക്കറ്റ് നിരക്ക് .കവാടം കടന്ന് അര കിലോമീറ്റർ നടക്കുമ്പോഴേക്കും കേരളത്തിലെ ഏറ്റവും സുന്ദരമായ വെള്ളചാട്ടത്തിലേക്ക് നമ്മൾ എത്തും. രാജമൌലി ബാഹുബലിയുടെ ദ്രിശ്യ വിസ്മയങ്ങള്‍ ഒരുക്കിയ ആതിരപ്പള്ളി. പാറക്കെട്ടുകളും അതില്‍ അപകടകരമല്ലാത്ത നിലയിലുള്ള ജലവും സഞ്ചാരികള്‍ക്ക് കൂടുതല്‍ ഉത്സാഹം പകരും





.കാഴ്ചയ്ക്ക് കൗതുകം ഒരുക്കി വാനര സേനയും ഉണ്ട് . താഴേക്ക്‌ അര കിലോമീറ്റര്‍ ഇറങ്ങിയാല്‍ മാത്രമേ വെള്ളച്ചാട്ടം അതിന്റെ ഭംഗിയില്‍ കാണാന്‍ കഴിയൂ.ചാലക്കുടിപുഴയില്‍ ഏകദേശം 24 മീറ്റർ ഉയരത്തിൽ പ്രകൃതി ഒരുക്കിയ ജല വിസ്മയം .ചാറ്റൽ മഴ ഞങ്ങളുടെ കാഴ്ചയ്ക്ക് കൂടുതൽ ചാരുത പകർന്നു .



ആതിരപ്പള്ളി കണ്ടു കഴിഞ്ഞു ഞങ്ങൾ അവിടെനിന്നും വാഴച്ചാലിനു തിരിച്ചു . ആ വഴിയിലാണ് ചാര്‍പ്പ വെള്ളച്ചാട്ടം.അവിടെയും കുറച്ചു സമയം ചിലവഴിച്ചു




വാഴച്ചാല്‍ എത്തിയപ്പോള്‍ നല്ല മഴ.നിബിഡ വനങ്ങൾക്ക് അടുത്തായി സുന്ദരമായ ഭൂപ്രകൃതിയില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടം.



വാഴച്ചാല്‍ നിന്നുമാണ് കാനനയാത്ര ആരംഭിക്കുന്നത്.മലക്കപ്പാറ വരെയുള്ള യാത്രയ്ക്കായി അവിടെയുള്ള ഫോറെസ്റ്റ് സ്റ്റേഷന്‍ നിന്നും അനുമതി പാസ്‌ എടുക്കണം.മലക്കപ്പാറ ഏത്തേണ്ട സമയവും അതിൽ രേഖപ്പെടുത്തും .11 മണിക്ക് യാത്ര തുടഗിയ ഞങ്ങള്‍ 1 .30 മലക്കപ്പാറ എത്തണം . നമ്മുടെ വാഹനത്തില്‍ ഉള്ള പ്ലാസ്റ്റിക്‌ സാധനങ്ങളുടെ വിവരവും നല്‍കണം. കാട്ടിനുള്ളില്‍ പ്ലാസ്റ്റിക്‌നിക്ഷേപിക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കി.

കാട്ടിലെ മഴ ,അത് കെട്ടിട്ടേ ഉള്ളായിരുന്നു ,അത് അനുഭവിച്ചറിയാന്‍ കഴിഞ്ഞു. കാറിലെ യാത്രയേക്കാള്‍ ബൈക്ക് യാത്രികര്‍ക്കാണ് കൂടുതല്‍ ആസ്വാദ്യകരം. കാട്ടിലെ മഴയ്ക്ക് ഒരു സംഗീതമുണ്ട് മരചില്ലകളില്‍ നിന്നും കുതറി വീണു ഇലകളില്‍ തുള്ളിക്കളിക്കുന്ന മഴയുടെ സംഗീതം.കാട്ടിലെ മഴയും മഴക്കാടുകളുടെ സൗന്ദര്യവും ആസ്വദിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. മൃഗങ്ങള്‍ ഇറങ്ങാന്‍ സാധ്യത ഉള്ളതിനാൽ വാഹനം നിർത്തരുതെന്നാണ് നിർദേശം .എങ്കിലും പലപ്പോഴും കാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ അറിയാതെ ഞങ്ങൾ ഇറങ്ങി പോയി .



വീതി കുറഞ്ഞ കാനന പാതയിൽ ഗതാഗത കുരുക്ക് ഉണ്ടായത് യാത്രയുടെ വേഗം കുറച്ചു .കൊടും കാടിലൂടെയുള്ള 30 കിലോമീറ്റര്‍ യാത്ര ചെയ്യുമ്പോള്‍ ആണ് മലക്കപ്പാറ എത്തുക.അവിടെ ആദ്യം കണ്ട ബിസ്മി ഹോട്ടല്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചു. ചെറിയ കുറച്ചു കടകളും തേയില തോട്ടങ്ങളും അടങ്ങിയ ഒരു ചെറിയ മലയോര ഗ്രാമം ആണ് മലക്കപ്പാറ.മലക്കപ്പാറ നിറയെ തേയിലത്തോട്ടങ്ങള്‍ ആണ്,മൂന്നാറിനെ അനുസ്മരിപ്പിക്കും. മലക്കപ്പാറ എത്തിയപ്പോഴാണ് ഇനി തിരികെ വന്ന വഴി പോകേണ്ട പൊള്ളാച്ചി വഴി ചുറ്റി പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചത്.മലക്കപ്പാറയില്‍ ഫോറെസ്റ്റ് ചെക്ക്പോസ്റ്റ് ഉണ്ട് അവിടെ നമ്മള്‍ വാഴച്ചാല്‍ നിന്നും എടുത്ത പാസ്‌ തിരികെ നല്‍കണം.



മലക്കപ്പാറ നിന്നും നാല് കിലോമീറ്റര്‍ കൂടി കഴിഞ്ഞാല്‍ തമിഴ്‌നാട്‌ ആയി.അപ്പോഴാണ് ശ്രദ്ധിച്ചത് കേരള അതിര്‍ത്തി വരെ ആതിരപ്പള്ളി പഞ്ചായത്ത്‌ ആണ്. ഈ കേരള അതിര്‍ത്തിയില്‍ ഉള്ളവര്‍ക്ക് സ്വന്തം പഞ്ചായത്ത്‌ ഓഫീസ് എത്തണം എങ്കില്‍ മൂന്നു മണിക്കൂര്‍ അധികം യാത്ര ചെയ്ത് ആതിരപ്പള്ളി എത്തണം,അതും ബസുകള്‍ അപൂര്‍വമായി മാത്രം.ആതിരപ്പള്ളി പഞ്ചായത്തിന്റെ വിവരങ്ങള്‍ ഗൂഗിളില്‍ തപ്പിയപ്പോള്‍ 489 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രിതിയുള്ള വലിയൊരു പഞ്ചായത്ത്‌.ആലപ്പുഴ ജില്ലയുടെ മൂന്നില്‍ ഒന്ന് വരും,ബഹറിന്‍ രാജ്യത്തോട് അടുത്തുള്ള വിസ്ത്രിതി.

മലക്കപ്പാറയില്‍ നിന്ന് അടുത്തുള്ള ലക്ഷ്യ സ്ഥാനം വാല്‍പ്പാറയാണ്.ആ യാത്രയിലാണ് ഷോളയാര്‍ ഡാം.കനത്ത മഴ കാരണം ഷോളയാര്‍ ഡാമിലേക്ക് പോയില്ല.




ഏകദേശം ഒന്നര മണിക്കൂര്‍ യാത്രകൊണ്ട് വാല്‍പ്പാറ എത്തി. ചെറിയ ഒരു പട്ടണം ആണ് വാല്‍പ്പാറ.



വാല്‍പ്പാറ നിന്നും അടുത്ത് പോകേണ്ടത് പൊള്ളാച്ചിക്കാണ്.വീണ്ടും വിസ്മയകരമായ ഒരു കാനന യാത്ര കൂടി ഞങ്ങളെ തേടിയെത്തി. വാല്‍പ്പാറ നിന്നും ആളിയാര്‍ ഡാം വഴിയാണ് പൊള്ളാച്ചി എത്തേണ്ടത്. മുപ്പതിലധികം ഹെയര്‍പിന്‍ വളവുകള്‍ ചുറ്റി കൊടും കാടില്‍ കൂടി വീണ്ടും ഒരു യാത്ര. ഒരു വശത്തു കാട്‌ ,ഒരു വശത്തു ഡാമിന്റെ ദൂര കാഴ്ച . ഹെയര്‍പിന്‍ വളവുകള്‍ അവസാനിക്കുമ്പോള്‍ മങ്കി ഫാള്‍സ് എന്ന ചെറിയൊരു വെള്ളച്ചാട്ടം ഉണ്ട്.



മങ്കി ഫാൾസ് കഴിഞ്ഞു അര മണിക്കൂർ യാത്ര കൂടി കഴിയുമ്പോൾ ആളിയാർ ഡാം എത്തും . ചാലക്കുടിപ്പുഴയിലെ അപ്പർ ഷോളയാർ ഡാം ,പറമ്പിക്കുളം ഡാം , തൂണക്കടവ് ഡാം ,പെരുവാരിപ്പള്ളം ഡാം എന്നിവയിൽ നിന്നും പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം കേരളം നൽകുന്ന ജലം ആണ് ആളിയാർ ഡാമിലേക്ക് എത്തുന്നത് .നല്ല മഴയിൽ കുടയും ചൂടി ഞങ്ങൾ ആളിയാർ ഡാമിലേക്ക് .അഞ്ചു രൂപ പ്രവേശന പാസ് എടുക്കണം.ഡാം നിറയെ വെള്ളമില്ല . മനോഹരമായ കാഴ്ച്ചയാണ് ഡാം പരിസരം നമുക്ക് സമ്മാനിക്കുന്നത് .



ഡാം മുൻപിൽ തട്ട് കടകളിൽ വലിയ മത്സ്യം പൊരിച്ചു തൂക്കിയിട്ടത് കണ്ടപ്പോൾ വായിൽ വെള്ളമൂറി .പക്ഷെ പരീക്ഷണത്തെ പരാജയം ആയിരുന്നു .180 രൂപ നൽകി ഒരെണ്ണം വാങ്ങി എങ്കിലും വയറു കേടാക്കേണ്ട എന്ന് കരുതി ഒന്ന് രുചിച്ചു അവിടെ ഉപേക്ഷിച്ചു മടങ്ങി .



ഇനി കാഴ്ചകൾ ഒന്നുമില്ല ,സമയം അഞ്ചു കഴിഞ്ഞു ഇനി ലക്ഷ്യ സ്ഥാനം സ്വഗൃഹം. ആളിയാർ നിന്നും പൊള്ളാച്ചി എത്താതെ ആനമല വഴി കേരളത്തിലേക്ക് എത്താവുന്ന ഒരു വഴി ഗൂഗിൾ നിർദേശിച്ചു .അങ്ങനെ ആ വഴിയായി യാത്ര. അതി വിശാലവും മനോഹരവുമായ തെങ്ങിൻ തോപ്പുകൾ ആണ് ആനമല യാത്രയിൽ ഞങ്ങളെ ആകർഷിച്ചത് .

ആനമല നിന്നും തമിഴ്‌നാട്ടിലെ മീനാക്ഷിപുരം ചെക്ക്പോസ്റ്റ് കടന്ന് കേരളം അതിർത്തിയിൽ എത്തി .പിന്നെ ഗോവിന്ദാപുരം ചെക്‌പോസ്റ് കടന്ന് മുതലമട , കൊല്ലങ്കോട് , നെന്മാറ ,വടക്കുംചേരി വഴി പാലക്കാടൻ മണ്ണിലൂ ടെ ഒരു യാത്ര . അങ്കമാലി എത്തി രാത്രി ഭക്ഷണവും കഴിഞ്ഞു വീട് എത്തിയപ്പോൾ രാത്രി 12 മണി. 18 മണിക്കൂർ കൊണ്ട് ഏകദേശം 565 കിലോമീറ്റര് യാത്ര ചെയ്തു .

ഒരിക്കലും മറക്കാത്ത ഒരു വിസ്‌മയ യാത്ര , കാട് വീണ്ടും വിളിക്കുന്നു ,കാട്ടിലെ മഴ വീണ്ടും വിളിക്കുന്നു.
blogger

2 അഭിപ്രായങ്ങൾ :

  1. വാചാമഗോചരസൌന്ദര്യക്കാഴ്ചകള്‍ ഫോട്ടോകളിലൂടെ പകര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു.യാത്രാവിവരണം നന്നായിട്ടുണ്ട്.തട്ടുകടയിലെ പൊരിച്ചമത്സ്യം പരീക്ഷിച്ചുമടങ്ങിയത് നന്നായി.കാശുമൊതലക്കാന്‍ ആപ്പാടെ ശാപ്പിട്ടെങ്കില്‍... തീര്‍ച്ചയായും യാത്രകളില്‍ ഇത്തരം കരുതലുകള്‍ നല്ലതാണ്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...